OTT നിയമങ്ങൾ 2021; സൈബറിടങ്ങളും ഭരണകൂട നിയന്ത്രണങ്ങളും

By Abin Thomas Alex and Sarath Ninan Mathew





(This is our eighth vernacular post under the 2021 edition of the JILS Vernacular Publication Initiative, that marks the celebration of the International Mother Language Day. Through this initiative, we at JILS, are attempting to take a small step towards making legal education and information more inclusive and accessible, and countering the stronghold of English in legal academia with publication in vernacular languages.)









കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയ Information Technology (Guidelines for Intermediaries and Digital Ethics Code) Rules-നെ പറ്റി നമ്മളിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകുമല്ലോ? ഈ ചട്ടങ്ങൾ നമ്മൾ ഇത്രയും കാലം ആസ്വദിച്ചു കണ്ടിരുന്ന OTT സർവീസുകളെ എങ്ങനെ ബാധിക്കും എന്ന ആശങ്ക നമ്മിൽ പലർക്കും ഉണ്ടാകും. ഈ പുതിയ നിയമങ്ങളിലേക്ക് നമ്മളെ നയിച്ച ഘടകങ്ങളെയും, അവ ഇൻറർനെറ്റിനെയും കലയുടെ പുരോഗതിയെയും ബാധിക്കുന്നതിനെ പറ്റിയും ഈ ലേഖനത്തിൽ കൂടി നമുക്ക് നോക്കാം.

പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രശസ്ത ഇംഗ്ലീഷ് തത്വചിന്തകൻ ആയ ജോൺ സ്റ്റുവർട്ട് മിൽ ഇങ്ങനെ പറയുകയുണ്ടായി.

“ഒരു പരിഷ്‌കൃത സമൂഹത്തിൽ, വ്യക്തിയുടെ അനുവാദമില്ലാതെ അയാൾക്കെതിരെ ന്യായമായി ബലം പ്രയോഗിക്കുന്നു എങ്കിൽ അത് മറ്റൊരാൾക്ക് ഉണ്ടാകാവുന്ന ദോഷത്തെ തടയുവാൻ വേണ്ടി മാത്രം ആയിരിക്കണം.”

ഇക്കാലമത്രയും സാമൂഹികശാസ്ത്രത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു ചിന്ത ആണിത്. മറ്റുള്ളവർക്ക് ഉണ്ടാകുന്ന ഉപദ്രവങ്ങൾ തടയുവാൻ വേണ്ടി മാത്രമേ ഒരാളുടെ സ്വാതന്ത്ര്യത്തിൽ സമൂഹം കൈ കടത്താൻ പാടുള്ളൂ എന്നു വാദിക്കുന്നതിൽ കൂടെ, സമൂഹത്തെ നിയന്ത്രിക്കാൻ സദാചാരത്തെ ഉപയോഗിക്കുന്ന പ്രവണതയെ നിരാകരിക്കുകയാണ് ഈ ചിന്ത ചെയ്യുന്നത്.

അതേ സമയം, നിയമനിർമാണത്തിൽ സദാചാരത്തിന് വലിയ ഒരു പങ്ക് തന്നെയുണ്ട്. ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലും ഇത് നമുക്ക് കാണാവുന്നതാണ്. ഇന്ത്യൻ ഭരണഘടനയുടെ പത്തൊൻപതാം അനുച്ഛേദം ‘സഭ്യത’, ‘സന്മാർഗികത’ എന്നിവയുടെ പേരിൽ ആശയസ്വാതന്ത്ര്യം നിയന്ത്രിക്കാൻ അനുവാദം നൽകുന്നുമുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ നമുക്ക് ബൗദ്ധികസ്വത്തവകാശ നിയമങ്ങളിലും, ചലച്ചിത്രങ്ങളിലും ഒക്കെ കാണാവുന്നതുമാണ്.

നിയമവ്യവസ്ഥിതിയിൽ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കാൻ സദാചാരമൂല്യങ്ങൾക്ക് സാധിക്കും എന്നിരിക്കെ, ഈ വ്യവസ്ഥിതിയെ അംഗീകരിക്കാത്ത പല കൂട്ടായ്മകളും നിലവിലുണ്ട്. അതിനൊരു ഉദാഹരണം ആണ് ഇൻറർനെറ്റ്. എല്ലാക്കാലത്തും ഇൻറർനെറ്റ് ഉപഭോക്താക്കൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഈ മൂല്യം ഏറ്റവും തീവ്രമായി പ്രകടിപ്പിച്ചത് ഇൻറർനെറ്റിൻറെ ആദ്യകാല ഉപഭോക്താക്കൾ തന്നെ ആയിരുന്നു. അക്കാലത്താണ് അമേരിക്കൻ സാമൂഹികപ്രവർത്തകൻ ആയ ജോൺ ബാർലോ ‘സൈബറിടങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം’ എന്ന രേഖ പുറപ്പെടുവിച്ചതും. അതിൽ, ദേശത്തിൻറെ അതിർവരമ്പുകൾക്ക് അതീതം ആയി പ്രവർത്തിക്കുന്ന ഇൻറർനെറ്റിനെ നിയന്ത്രിക്കാൻ ലോകത്തെ ഒരു ഭരണകൂടത്തിനും അവകാശം ഇല്ല എന്നാണു അദ്ദേഹം പ്രഖ്യാപിച്ചത്. ഒരു ഭരണകൂടത്തിൻറെയും സൃഷ്ടി അല്ല ഇൻറർനെറ്റ്; മറിച്ചു, ജനങ്ങൾ സ്വയം മുന്നോട്ട് വന്നു നിർമിച്ച ഒരു കൂട്ടായ്മ ആണത്. അതിനാൽ തന്നെ ഇൻറർനെറ്റിലെ നിയമങ്ങളും നിയന്ത്രണങ്ങളും തീരുമാനിക്കേണ്ടത്, അതിനെ നിർമിച്ച ജനങ്ങൾ തന്നെയാകണം എന്നാണു ബാർലോ പ്രസ്താവിച്ചത്. വേറെ ഏത് രാഷ്ട്രത്തെയും പോലെ സ്വയംഭരണാവകാശം ഉള്ള ഒരു കൂട്ടായ്മ ആയി ആണ് ബാർലോ ഇൻറർനെറ്റിനെ കണ്ടത്.

എങ്കിലും ഇന്നത്തെ കാലത്ത് ബാർലോ പ്രഖ്യാപിച്ച രീതിയിൽ ഉള്ള സ്വാതന്ത്ര്യം ഞങ്ങളോ വേറെ ആരുമോ അവകാശപ്പെടുന്നില്ല. നിയമാനുസൃതം ആയും അല്ലാതെയും സർക്കാരുകൾ ഇൻറർനെറ്റിൻറെ സ്വയംഭരണാവകാശത്തിൽ പലപ്പോഴും കൈ കടത്തിയിട്ടുണ്ട്. ഇത് ചിലപ്പോൾ നല്ലതിന് വേണ്ടിയും ചിലപ്പോൾ തെറ്റിന് വേണ്ടിയും ആകാം. എങ്ങനെ ആയാലും ഭരണകൂടങ്ങൾ തങ്ങളുടെ നിലനിൽപ്പിനു ഭീഷണി ആയതിനെ നിയന്ത്രിക്കുകയും, തങ്ങൾക്ക് ഗുണമായതിനെ ചൂഷണം ചെയ്യുകയും ചെയ്യും. കൂടാതെ ഇൻറർനെറ്റിൽ കൂടെ ഉണ്ടാകാവുന്ന പല ദോഷങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതലയും ഭരണകൂടങ്ങൾക്ക് ആണുള്ളത്. അനുവാദം ഇല്ലാതെ പ്രചരിപ്പിക്കുന്ന ലൈംഗിക ദൃശ്യങ്ങൾ ഇതിനൊരു ഉദാഹരണം ആണ്. ഇപ്പോൾ നിലവിൽ വന്ന IT ചട്ടങ്ങളിൽ പോലും ഇത്തരം ദൃശ്യങ്ങളെ പറ്റി അറിവ് ലഭിച്ചാൽ ഉടൻ തന്നെ അവ നീക്കം ചെയ്യേണ്ടതിനുള്ള നിർദേശങ്ങളും ഉണ്ട്.

ഇത്തരത്തിൽ ഉള്ള നിയന്ത്രണങ്ങൾ പൊതുവെ സ്വീകാര്യം ആണെങ്കിലും ഇൻറർനെറ്റിൻറെ അടിസ്ഥാനമൂല്യങ്ങളെ പറ്റിയും നമ്മൾ ഓർക്കേണ്ടതാണ്. ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ ലോകത്തോട് പങ്ക് വെക്കുവാനും, അതിനെക്കുറിച്ചു സംവദിക്കുവാനും, അതിലൂടെ വ്യക്തിവികാസത്തിലേക്കും നയിക്കുകയും ചെയ്യുന്ന ഒരു വേദി ആണ് ഇൻറർനെറ്റ്. വ്യക്തികൾക്ക് തങ്ങളുടെ സൃഷ്ടികൾ ഒരു വലിയ സദസ്സിനു മുന്നിൽ അവതരിപ്പിക്കാനും, അതേ പോലെ ലോകത്തിൻറെ വ്യത്യസ്ത കോണുകളിൽ നിന്നുള്ള സൃഷ്ടികൾ കണ്ട് അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും ഇൻറർനെറ്റിലൂടെ സാധിക്കും.

ഇന്ത്യയിൽ ആദ്യമായി OTT സർവീസുകൾ വന്നപ്പോൾ ഉണ്ടായ മാറ്റങ്ങളെ പറ്റി ഒന്നാലോചിച്ചു നോക്കുക. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ഉടലെടുത്ത കലാസൃഷ്ടികളെ, നിയമപരമായ പാതയിൽ കൂടി തന്നെ, ആസ്വദിക്കാൻ നമ്മളിൽ പലർക്കും ആദ്യമായി അവസരം ലഭിച്ചു (ഇത്രയും ഉണ്ടായിട്ടും നമ്മളിൽ പലരും ആ അവസരം ഫ്രണ്ട്സോ ഓഫിസോ വീണ്ടും കാണാൻ വേണ്ടി ആണ് ഉപയോഗിച്ചത് എന്നത് മറക്കുന്നില്ല). രണ്ട് കമിതാക്കൾ ചുംബിക്കുന്ന രംഗത്തിൽ പോലും കത്രിക കൊണ്ടുവരുന്ന ‘ആർഷഭാരത’ കട്ടുകൾ ഇല്ലാത്ത ചലച്ചിത്രങ്ങൾ നമ്മളിൽ പലർക്കും പുതിയ ഒരു അനുഭവം ആയിരിക്കും. അത്തരം കത്രികകളുടെ അഭാവം വ്യത്യസ്ത പ്രമേയങ്ങൾ ഉള്ള, കുറിക്കുകൊള്ളുന്ന രാഷ്ട്രീയസന്ദേശങ്ങൾ നിറഞ്ഞ മികച്ച ഇന്ത്യൻ കലാസൃഷ്ടികൾക്ക് വഴിതെളിയിക്കുകയും ചെയ്തു. ബാർലോ വിഭാവനം ചെയ്തത് പോലുള്ള, ഭരണകൂടം അടിച്ചേൽപ്പിക്കുന്ന ബീപ്പ് ശബ്ദങ്ങളും, **** ഇല്ലാത്ത ഒരു വേദി തന്നെയായിരുന്നു ആദ്യകാലങ്ങളിലെ OTT സർവീസുകൾ.

ഇപ്പോൾ വന്ന നിയമങ്ങൾ പോലും ഒരു സുപ്രഭാതത്തിൽ OTT സർവീസുകളെ ആർഷഭാരത മൂല്യങ്ങൾ പഠിപ്പിക്കണം എന്ന് ഭരണകൂടം തീരുമാനിച്ചതിൻറെ ഫലം അല്ല. മറിച്ചു, കാലം നീങ്ങുംതോറും സൈബർ ലോകത്തിൻറെയും ഭൗതിക ലോകത്തിൻറെയും അതിരുകൾ മാഞ്ഞുപോകുന്നതിൻറെ പ്രതിഫലനങ്ങൾ ആണ്. സൈബർ ലോകവും ഭൗതിക ലോകവും തമ്മിൽ നിരന്തരമായി ബന്ധപ്പെടുകയും, ഒരു ലോകം മറ്റൊന്നിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. അത് കൊണ്ട് തന്നെ പാതാൾ ലോക് പോലെയൊരു കലാസൃഷ്ടി ഇന്ത്യയിൽ വളർന്നുവരുന്ന മതഭ്രാന്തിനെയും ജാതിവെറിയെയും ഒരു വിശ്വവേദിയ്ക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ, അത് നമ്മൾ ഉൾപ്പെടുന്ന ഭൗതിക ലോകത്തു പ്രകമ്പനങ്ങൾ സൃഷ്ടിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ സ്വാഭാവികമായും ഇത്തരം സൃഷ്ടികളുടെ മേൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തൽപരകക്ഷികൾ നിർബന്ധിതർ ആകുകയും, സൈബർലോകത്തിൻറെ സ്വയംഭരണാവകാശത്തിനുമേൽ കൈ കടത്തുകയും ചെയ്യും. തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ സൃഷ്ടികൾക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജികൾ ഇന്നൊരു പുതുമ അല്ല. ഇപ്പോഴുള്ള നിയമങ്ങൾ വന്നിട്ട് പോലും, അവയ്ക്ക് കാഠിന്യം പോരെന്നും ഇപ്പോഴും ലൈംഗികചുവയുള്ള സൃഷ്ടികൾ ഇൻറർനെറ്റിൽ നിറഞ്ഞിരിക്കുന്നു എന്നുമായിരുന്നു ഇന്ത്യൻ സുപ്രീം കോടതി ഈയ്യിടെ അഭിപ്രായപ്പെട്ടത്. തീയറ്ററിൽ വരുന്ന സിനിമകൾ നേരിടേണ്ട അതേ കത്രികയെ OTT-യും നേരിടേണ്ടി വരുന്ന കാലം വിദൂരം ആയിരിക്കില്ല.

ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇൻറർനെറ്റിനെ പൂർണമായി നിയന്ത്രണത്തിൻറെ കീഴിൽ കൊണ്ട് വരാനുള്ള പാതയിലെ ഒരു പ്രധാന കാൽവെപ്പ് ആണ് ഇപ്പോൾ നിലവിൽ വന്ന IT നിയമങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇത്തരം നീക്കങ്ങൾ ഇൻറർനെറ്റ് എന്ന കൂട്ടായ്മയുടെ അടിസ്ഥാന മൂല്യങ്ങളെ ഹനിക്കുന്നതും, ആത്യന്തികമായി ഇന്ത്യൻ കലയെ പ്രതികൂലമായി ബാധിക്കുന്നതും ആയിരിക്കും.









About the authors

Abin Thomas Alex is currently a law student at the West Bengal National University of Juridical Sciences (NUJS), Kolkata.

Sarath Ninan Mathew is currently pursuing a Master of Laws degree at the University of Cambridge, England. He has in the past, served as an Editor at the Journal of Indian Law and Society and he graduated from the West Bengal National University of Juridical Sciences (NUJS) in the year 2020.

Leave a comment