– എബിൻ തോമസ് അലക്സ്
(This blog is the fourth in the series of blogs that JILS will publish in various vernacular languages as a part of its new initiative to mark the International Mother Language Day.)
ചെറുപ്പത്തിൽ അധികം ഇഷ്ടപ്പെടാഞ്ഞ, എങ്കിൽ പിന്നീട് വളരെയധികം ചിന്തിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്ത മനോഹരമായ ഒരു ചിത്രമാണ് ശ്രീ എം ടിയുടെ തൂലികയിൽ പിറന്ന സിബി മലയിൽ സംവിധാനം ചെയ്ത സദയം. മലയാളത്തിൻറെ അനശ്വര നടനായ മോഹൻലാൽ അവതരിപ്പിക്കുന്ന സത്യനാഥൻ എന്ന കഥാപാത്രത്തിലൂടെ ആണ് സിനിമ മുന്നേറുന്നത്. നാലു പേരുടെ കൊലപാതകത്തിന് ശേഷം തന്നെ കാത്തുനിൽക്കുന്ന കഴുമരത്തിലേക്കു കഴുത്തു നീട്ടുന്നതിന് മുൻപുള്ള ദിവസങ്ങളിൽ സത്യനാഥൻ കടന്നുപോകുന്ന മനസികസംഘർഷങ്ങളും, അയാളെ ഈ അരുംകൊലകളിലേക്ക് നയിച്ച സംഭവങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. ഏറെ പ്രശംസകൾ നേടിയ ഈ ചിത്രത്തിനു എൻ്റെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. കാരണം ഒരു ജയിലിനകത്തുള്ള പല ചിട്ടവട്ടങ്ങളും അതിനുള്ളിലെ ജീവിതങ്ങളെ പറ്റി ആദ്യമായി ഒരു ധാരണയും എനിക്കുണ്ടാകുന്നത് ഈ സിനിമയിൽ കൂടി ആണ്. മിക്കവാറും എന്നെ പോലെ പലരും ചെറുപ്പത്തിൽ ജയിൽ എന്താണെന്നും മറ്റും ആദ്യമായി മനസ്സിലാക്കിയത് ഇതുപോലുള്ള സിനിമകളിൽ കൂടിയോ സാഹിത്യകൃതികളിൽ കൂടിയോ ആയിരിക്കും.
അത്തരം കൃതികളിൽ, നമ്മൾ ഒരിക്കൽ പോലും കാണുന്നില്ലെങ്കിലും, എങ്കിൽ കഥയിലെ നിർണായകമായ വഴിത്തിരിവ് കൊണ്ടുവരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ഇന്ത്യയുടെ രാഷ്‌ട്രപതി. കാരണം വളരെ നീചമായ കുറ്റകൃത്യങ്ങൾ പോലും നടത്തിയ കുറ്റവാളികൾക്ക് ഇടയ്ക്കു മാപ്പു നൽകി അവരെ അവർക്കു വേണ്ടി കാത്തിരിക്കുന്ന യുവകോമള നായികയുടെ അടുത്ത് തിരിച്ചു കൊണ്ട് വരുന്നത് വേദിയിൽ ഒരിക്കൽ പോലും വരാത്ത ഈ ഒരു കഥാപാത്രം ആയിരിക്കും. ചെറുപ്പത്തിൽ ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങൾ എനിക്ക് നൽകിയ ഈ മാപ്പു എന്ന പരിപാടി പിന്നീട് ഞാൻ കേൾക്കുന്നത് ഞാൻ സിനിമയിൽ കണ്ടതുപോലെയുള്ള കുറ്റവാളികളെ കഴുമരത്തിലേക്കു കൊണ്ട് പോകുന്നതിനു മുൻപുള്ള ദിവസങ്ങളിലെ വാർത്താമാധ്യമങ്ങളിൽ കൂടി ആയിരുന്നു. കുറച്ചു ദിവസങ്ങൾ മുൻപ് പലരുടെയും ദിനം തുടങ്ങിയത് തന്നെ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ വാർത്ത കണ്ടു കൊണ്ടായിരിക്കും. ആ വാർത്ത സ്ഥിരമായി പിന്തുടരുന്നവർ പല ആവർത്തി ദയാഹർജികളെ പറ്റിയും അവ തള്ളിയ രാഷ്ട്രപതിയെ പറ്റിയും കേട്ടിട്ടുണ്ടാകും. ഒരു നിയമവിദ്യാർത്ഥി ആകുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റം എന്തെന്ന് വച്ചാൽ കഥകളിൽ കൂടി നമ്മൾ പരിചയപ്പെട്ട പല നിയമങ്ങളെയും കൂടുതൽ അടുത്തറിയാനും അതിലൂടെ ചെറുപ്പത്തിൽ ഉണ്ടായിരുന്ന പല മിഥ്യാധാരണകളുടെയും സത്യാവസ്ഥ മനസ്സിലാക്കാനും കഴിയും എന്നതാണ്. അങ്ങനെ ഞാൻ പഠിച്ച, കഥകളിൽ കൂടിയും വാർത്തകളിൽ കൂടിയും നമ്മൾ ഏറെക്കേട്ട ദയാഹർജി എന്നതിനെ പറ്റി ചില കാര്യങ്ങൾ നമുക്ക് ഈ ലേഖനത്തിൽ കൂടെ പരിശോധിക്കാം.
ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിരണ്ടാം അനുച്ഛേദം ആണ് രാഷ്ട്രപതിക്ക് ചില സന്ദർഭങ്ങളിൽ മാപ്പു നൽകുവാനും ശിക്ഷാവിധികൾ നിറുത്തിവയ്ക്കുവാനും ഇളവുചെയ്യാനും ലഘൂകരിക്കാനും ഉള്ള അധികാരം നൽകുന്നത്. ഭരണഘടനയുടെ നൂറ്റിയറുപത്തൊന്നാം അനുച്ഛേദം അനുസരിച്ചു സംസ്ഥാന ഗവർണർക്കും സമാനമായ അധികാരങ്ങൾ ഉണ്ടെങ്കിലും രാഷ്ട്രപതിയുടെ അധികാരപരിധി ഒരല്പം കൂടെ വലുതാണ്. പട്ടാളക്കോടതി നൽകിയ ശിക്ഷയ്ക്ക് മാപ്പു നൽകാനും അതിനുപുറമെ വധശിക്ഷകളിൽ നിന്നും ഇളവ് നൽകാനുമുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമേ ഭരണഘടന നൽകിയിട്ടുള്ളൂ. (1)
ജനാധിപത്യത്തിൽ കഴിയുന്ന ഒരു രാജ്യത്തിന് ഇത്തരം ഒരു നിയമം ആവശ്യമാണോ എന്നായിരിക്കും ഏതൊരു വായനക്കാരനും സ്വാഭാവികമായി ചിന്തിക്കുന്നത്. കോടതി കുറ്റക്കാരൻ എന്ന് കണ്ടുപിടിച്ച ഒരു വ്യക്തിയെ നിയമം നൽകുന്ന ശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ ഉള്ള അധികാരം ഒരു വ്യക്തിയുടെമേൽ നൽകുന്നതിൽ ഉള്ള യുക്തി എന്താണ്? രാജഭരണകാലങ്ങളിൽ ദൈവത്തിൻറെ പ്രതിപുരുഷൻ ആയി അവരോധിക്കപ്പെട്ട പരമാധികാരികൾ ഉപയോഗിച്ചിരുന്ന ഈ നിയമത്തിനു ജനാധിപത്യപരമായ ഒരു സമൂഹത്തിൽ ഉള്ള പ്രസക്തി എന്താണ്?
അമേരിക്കയിലെ ഇൻഡിയാന സംസ്ഥാനത്തിന്റെ മുൻ ഗവർണർ ആയ James P Goodrichൻറെ വാക്കുകൾ മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നിയമത്തിൽ ഉള്ള അനീതികൾ തടയാൻ വേണ്ടി ആണ് ഈ അധികാരം രാജ്യത്തിൻറെ പരമാധികാരിക്ക് നൽകിയിരിക്കുന്നത് എന്നാണു അദ്ദേഹം പറഞ്ഞത് (2). കുറച്ചു കൂടി വിശദമാക്കുകയാണെങ്കിൽ, നിയമനിർമാണ വേളയിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന എല്ലാ സന്ദർഭങ്ങളും അവ എഴുതിയുണ്ടാക്കിയവരുടെ ചിന്തയിൽ കൂടി കടന്നു പോകണം എന്നില്ല. അതിനാൽ ഭാവിയിൽ നിയമം അനുശാസിക്കുന്ന പാതയിൽ കൂടി പോകുമ്പോൾ നീതികേടു ഉണ്ടാകാൻ സാധ്യത ഉള്ള ചില വേളകളിൽ ഉപയോഗിക്കാൻ വേണ്ടി ആണ് രാജ്യത്തിൻറെ പരമാധികാരിക്ക് ഇത്തരം ഒരു അധികാരം നൽകിയിരിക്കുന്നത്. ബ്രിട്ടീഷ് ഗണിതജ്ഞൻ ആയ അലൻ ട്യൂറിംഗിന് തൻറെ സ്വവർഗബന്ധങ്ങൾ മൂലം നേരിടേണ്ടി വന്ന ശിക്ഷകൾക്ക് അദ്ദേഹത്തിൻറെ മരണശേഷം ബ്രിട്ടീഷ് രാജ്ഞി മാപ്പു നൽകിയത് കുറച്ചു വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞതാണ് (3). അദ്ദേഹം നിയമത്തിൻറെ കണ്ണിൽ കുറ്റവാളി ആയിരുന്നു എങ്കിലും അദ്ദേഹത്തെ ശിക്ഷിച്ചതിൽ ഉള്ള അനീതി ബോധ്യപ്പെട്ടത് കൊണ്ടാണ് മരണശേഷം ആയിരുന്നു എങ്കിൽ പോലും അദ്ദേഹത്തിന് മാപ്പു നൽകിയത്. ഇത്തരം ദയാഹർജികളിൽ കൂടി ഒരു കുറ്റവാളി കുറ്റവിമുക്തി നേടുകയല്ല ചെയ്യുന്നത്, മറിച്ചു അയാൾ കുറ്റക്കാരൻ ആണെന്ന് തെളിയിക്കപ്പെട്ടിട്ടും ചെയ്ത കുറ്റത്തിന് അയാൾ മാപ്പു നേടുകയാണ് ചെയ്യുന്നത്.
ദയാഹർജി പരിഗണിക്കാൻ ഉള്ള ഈ അധികാരം വിനിയോഗിക്കേണ്ടത് എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി പല തവണ വിധികൾ പ്രസ്താവിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിധി ആയ മരു റാം vs യൂണിയൻ ഓഫ് ഇന്ത്യയിൽ (4) ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിരണ്ടും എഴുപത്തിനാലും അനുച്ഛേദങ്ങൾ ഒരുമിച്ചു വായിച്ച സുപ്രീം കോടതി മേൽപ്പറഞ്ഞ അധികാരങ്ങൾ കേന്ദ്ര മന്ത്രി സഭയുടെ ഉപദേശം അനുസരിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി. ചുരുക്കിപ്പറഞ്ഞാൽ പലരുടെയും ധാരണ പോലെ രാഷ്‌ട്രപതി എന്ന ഒറ്റ വ്യക്തിയുടെ വിവേചനാധികാരം ഉപയോഗിച്ച് അല്ല ദയാഹർജികൾ പരിഗണിക്കപ്പെടുന്നത്. മറിച്ചു കേന്ദ്ര മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് രാഷ്‌ട്രപതി തീരുമാനങ്ങൾ എടുക്കേണ്ടത്. അതേ അനുച്ഛേദത്തിൽ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു തീരുമാനം എടുക്കാൻ ഉള്ള ബാധ്യത ഭരണഘടന രാഷ്ട്രപതിക്കുമേൽ ഏൽപ്പിക്കുന്നു.
അതേ വിധിയിൽ സുപ്രീം കോടതി ദയാഹർജി പരിഗണിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെ പറ്റിയും പറയുകയുണ്ടായി. ഏകപക്ഷീയവും വസ്തുനിഷ്ഠവും ആയ കാരണങ്ങൾ ഉപയോഗിച്ച് ദയാഹർജികൾ പരിഗണിക്കരുത് എന്ന് വ്യക്തമാക്കിയ കോടതി യുക്തിസഹജമായി ആണ് ദയാഹർജികൾ പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കി (5). പിന്നീടുള്ള സുപ്രീം കോടതിയുടെ വിധികളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് സമർത്ഥിച്ചിട്ടുള്ളത്. ഇതിലൂടെ ദയാഹർജിയിൽ രാഷ്ട്രപതിയുടെ (അതായത് രാഷ്ട്രപതിയിലൂടെ കേന്ദ്രമന്ത്രിസഭ എടുക്കുന്ന) തീരുമാനത്തെ വിശകലനം ചെയ്യാൻ ഉള്ള അധികാരം കോടതി സ്വയം ഏറ്റെടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ ഉള്ള ഒരു തീരുമാനത്തിൽ പതിഞ്ഞിരിക്കുന്ന അപകടം എന്തെന്ന് വച്ചാൽ ഇന്ന് നമ്മൾ നിർഭയ കേസിൽ കണ്ടത് പോലെ പല ആവർത്തി കോടതി കയറിയിറങ്ങി കുറ്റവാളികൾ നീതിയെ വൈകിപ്പിക്കുന്ന സാഹചര്യങ്ങൾ കൂടി വരും എന്നതാണ്. ഇത് മൂലം നീതിനിർവഹണം വൈകുന്നതിനോടൊപ്പം കോടതിയുടെ പരിഗണന അടിയന്തരമായി ആവശ്യപ്പെടുന്ന മറ്റു കാര്യങ്ങൾ അർഹിക്കുന്ന പരിഗണന നേടാതെ പോകുകയും ചെയ്യുന്നു. ഒന്നാമതേ ആയിരക്കണക്കിന് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട കോടതി ഇവ കൂടി പരിഗണിക്കുമ്പോൾ സാധാരണക്കാരന് ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ നമുക്ക് ഊഹിക്കാൻ കഴിയുമല്ലോ? കൂടാതെ, മന്ത്രിസഭയുടെ ഉപദേശക അധികാരത്തെ പറ്റി പറയുന്ന എഴുപത്തിനാലാം അനുച്ഛേദത്തിന്റെ രണ്ടാം ഉപവിഭാഗം അനുസരിച്ചു മന്ത്രിമാർ രാഷ്ട്രപതിക്ക് എന്തെങ്കിലും ഉപദേശം നൽകിയിട്ടുണ്ടോ എന്നും എന്ത് ഉപദേശം ആണ് നൽകിയത് എന്നതിലേക്കും കോടതി അന്വേഷണവിചാരം ചെയ്യാൻ പാടുള്ളതല്ല (6).
എങ്കിലും ഏതൊരു വാദത്തിനും ഒരു മറുവാദം നിലനിൽക്കുന്നത് പോലെ ഇവിടെയും ഒരു മറുവാദം നിലനിൽക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ രാഷ്‌ട്രപതി ബാധ്യസ്ഥൻ ആയിരിക്കുന്നതുകൊണ്ട് മന്ത്രിസഭയുടെ രാഷ്ട്രീയപ്രേരണകൾക്കു വഴങ്ങി യുക്തിഹീനമായ തീരുമാനങ്ങൾ എടുക്കുന്നത് തടയുവാൻ കോടതികളുടെ ഇടപെടൽ പലപ്പോഴും സഹായകമാകും. ഭരണഘടന നൽകുന്ന അധികാരം ആണ് ഇത് എന്നിരിക്കെ ആ അധികാരം വിനിയോഗിക്കുമ്പോൾ പാലിക്കേണ്ട ചില അടിസ്ഥാന മര്യാദകൾ ഉറപ്പു വരുത്താൻ കോടതികൾ പലപ്പോഴും ഇടപെടാറുണ്ട്, ഇവയൊന്നും ചിലപ്പോൾ ഭരണഘടനാ വ്യവസ്ഥകളുടെ പരന്ന വായനയിൽ പറയപ്പെടുന്നില്ല എങ്കിൽ പോലും. ഉദാഹരണത്തിന്, ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ പോലും അതിൻറെ അടിസ്ഥാനഘടനക്കു ഭംഗം വരരുത് എന്ന നിയമം ഭരണഘടനയുടെ വാക്കുകളിൽ എവിടെയും പറഞ്ഞിട്ടില്ല. എങ്കിലും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ചുമതല ഏറ്റെടുത്ത കോടതി കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരളയിൽ അങ്ങനെ നിർവചിക്കുകയുണ്ടായി (7). സമാനരീതിയിൽ ദയാഹർജികൾ പരിശോധിക്കുമ്പോളും യുക്തവും ന്യായവുമായ തീരുമാനങ്ങൾ ആണ് അധികാരികൾ എടുക്കുന്നത് എന്ന് ഉറപ്പു വരുത്താൻ കോടതികൾ ബാധ്യസ്ഥരാണ്.
ചുരുക്കിപ്പറഞ്ഞാൽ രണ്ടു ഭാഗങ്ങളും ഉള്ള ന്യായങ്ങൾ മനസ്സിലാക്കി വേണം ഈ പ്രശ്നത്തെ നമ്മൾ കാണുവാൻ. അവസാനമായി മുകളിൽ പറഞ്ഞ മരു റാമിൻറെ വിധിയിൽ ജസ്റ്റിസ് ഫസൽ അലിയുടെ വാക്കുകൾ കടം എടുത്തുകൊണ്ട് ഈ ലേഖനം നിർത്തട്ടെ.
“നിങ്ങളിലുള്ള അധികാരം എത്രത്തോളം വലുതാണോ, അതിനു അന്യോന്യം ആയിരിക്കണം അത് വിനിയോഗിക്കുമ്പോൾ ഉണ്ടാകേണ്ട ഉത്തരവാദിത്തം”(8)
The author, Abin Thomas Alex, is currently a third year undergraduate B.A. LLB (Hon.) student at the National University of Juridical Sciences (NUJS), Kolkata.
Endnotes:
1. ഇന്ത്യയുടെ ഭരണഘടന, 1950, അനുച്ഛേദം 72
2. Goodrich, James P. “The Use and Abuse of the Power to Pardon.” Journal of the American Institute of Criminal Law and Criminology, vol. 11, no. 3, 1920, pp. 334–343. JSTOR, JSTOR, http://www.jstor.org/stable/1134106
3. BBC, Royal Pardon for codebreaker Alan Turing, December 24 2013, available at https://www.bbc.com/news/technology-25495315
4. മരു റാം vs യൂണിയൻ ഓഫ് ഇന്ത്യ, (1980), MANU/SC/0159/1980
5. Ibid
6. ഇന്ത്യയുടെ ഭരണഘടന, 1950, അനുച്ഛേദം 74 (2)
7. കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള, AIR 1973 SC 1461
8. മരു റാം vs യൂണിയൻ ഓഫ് ഇന്ത്യ, (1980), MANU/SC/0159/1980, ¶ 100
